തൊണ്ണൂറുകളിലെ ഓർമകൾ..ഡാ... ഇന്നത്തേക്ക് എന്തെങ്കിലും ഹോംവർക്ക് ചെയ്യാൻ തന്നായിരുന്നോ?
ഡാ... ഇന്നത്തേക്ക് എന്തെങ്കിലും ഹോംവർക്ക് ചെയ്യാൻ തന്നായിരുന്നോ?
ഒരൊന്നൊന്നര ആത്മവിശ്വാസത്തോടെ മറുപടി അപ്പൊത്തന്നെ കിട്ടും ...ഹേയ് , ഇല്ലടാ ... നീ വാ .
ഒക്കെ,ഇന്ന് ഉച്ചയ്ക്ക് ബ്രേക്ക് സമയത്ത് എന്താ കളിക്ക്യാ? നിന്റെ കൈയിൽ ബോൾ ഉണ്ടോ?
ഇല്ല ,ആരെങ്കിലും കൊണ്ടുവരാതിരിക്കില്ല ഉറപ്പാണ്.
ഒക്കെ അതും സെറ്റാണ് ...
ഒരു 9:30 മണി ആവുമ്പോഴേക്കും സ്കൂളിൽ എത്തും, ക്ലാസ്സിലേക്ക് എത്തുന്നതിന് മുമ്പേ തന്നെ ആരൊക്കെയോ എന്തോ തകൃതിയായി എഴുതുന്നത് കാണാം ...
ഡാ ... അവരൊക്കെ എന്താ ഈ എഴുതുന്നേ?
ഹോംവർക്ക് ഇല്ലടാ ... ഉറപ്പാ ...
ക്ലാസ്സിലെ പെൺകുട്ടികളെല്ലാം കൃത്യമായി ചെയ്ത് കാണും ...
ഒട്ടും മടിക്കാതെ എങ്ങോട്ട് ഇരക്കും ... എടീ ഒന്നു ഇംഗ്ലീഷിന്റെ നോട്ട് താ ...
ഇംഗ്ലീഷോ? അതിനു ഇന്ന് ഇംഗ്ലീഷ് ഇല്ലല്ലോ .. നാളെയാ ഉള്ളേ ...ഇത് കഴിഞ്ഞ വെള്ളിയാഴ്ച തന്ന കണക്ക് ഹോംവർക്ക് ആണ് ... പരിശീലന പ്രശ്‍നം 6 ൽ 2, 4 ൽ 3... മൊത്തം 12 കണക്കുണ്ട് ..ഇപ്പോ എഴുതിയാൽ തീരൂല ...
ഇന്ന് എത്രാമത്തെ പീരീഡ് ആണ് കണക്ക് ...
ഒന്നാമത്തെ ...
വായിൽ നോക്കി നിൽക്കാതെ വേഗം കണക്കിന്റെ മാഷ് വന്നോന് നോക്കെടാ ...കൂടെ ഉള്ളവനോട് ഒരു ആക്രോശമാണ് ...
ഇത് കേട്ടുകൊണ്ട് വരുന്ന മറ്റൊരുത്തൻ ...
മാഷ് വന്നിട്ടുണ്ട്, ഞാൻ കണ്ടു ...
സന്തോഷമായി ... ഇന്നത്തെ ദിവസം കണക്ക് തന്നെ ...
സ്കൂളിൽ 9:45ന് ആദ്യത്തെ ബെൽ അടിക്കും. ഒരുവിധം എല്ലാവരും ക്ലാസ്സിൽ എത്തും, ഭൂരിപഭക്ഷം നമുക്കുതന്നെ ആയിരിക്കും, മുക്കാൽ ഭാഗം ആൺ കുട്ടികളും ഹോംവർക്ക് ചെയ്തുകാണില്ല...
ഇനി അവസാനത്തെ അടവാണ്...കണക്ക് ചെയ്ത കുട്ടികളെ പ്രധിരോധിക്കാനുള്ള ശ്രമമാണ് ...
ഇങ്ങനെ ഒരു കണക്ക് കഴിഞ്ഞ ആഴ്‌ച്ച തന്നിട്ടില്ല ! ഞങ്ങൾ ആരും കേട്ടിട്ടില്ല ..
പിന്നെ ഞങ്ങൾ എല്ലാവരും എങ്ങനെ ചെയ്തു ? മറുപടി വേഗം തന്നെ കിട്ടും ..
അന്ന് രാവിലെ വന്ന് നോക്കി എഴുതിയവന്മാരും ബാക്കി പഠിപ്പിസ്റ്റുകളും ഒതളങ്ങ ആയി നിൽക്കും, അപ്പോഴേക്കും ലാസ്റ് ബെൽ അടിക്കും... മാഷ്എ ക്ലാസ്സിൽ എത്തും.
അടിയാണെങ്കിൽ സഹിക്കാം,ഇത് നാണം കെടുത്തലാണ്. പെൺകുട്ടികളുടെ മുന്നിൽ വെച്ച് തൊലി ഉരിച്ചു കളയും.മാഷുടെ ഫസ്റ്റ് ചോദ്യം വരും ... നിനക്ക് വീട്ടിൽ എന്താ പണി ? രണ്ടു ദിവസം അവധി അല്ലായിരുന്നോ ? നീ പറമ്പിൽ കിളയ്ക്കാൻ പോകുന്നുണ്ടൊ?
ഇല്ല .. മറന്നു പോയതാ ..
മറുചോദ്യം .. നിന്നോട് ചായ കുടിക്കാനോ,ചോറുതിന്നാനോ മറന്നുപോയില്ലല്ലോ ?
ബാക്കി നിങ്ങൾ പൂരിപ്പിച്ചോ ...
അത് കുഴപ്പമില്ല അടിക്കാതിരുന്നമതി എന്ന വാദക്കാരും ഉണ്ട് കൂടെ.
ഇതെല്ലാം കഴിഞ്ഞു കൂടെ ഇരിക്കുന്നവൻ പറയും... ആദ്യത്തെ പീരീഡ് തന്നെ ഇതാണ് അവസ്ഥ ഈ ആഴ്ച പോക്കാണ്...പിന്നെ ഒരു സമാധാനം ഇന്ന് രാത്രി ഓം നമഃശിവായ ഉണ്ടല്ലോ, നാളെ ജയ് ഹനുമാനും ഉണ്ട്.
വെള്ളിയാഴ്ചത്തെ ചിത്രഗീതവും, ഞായറിലെ ശക്തിമാനും, ശ്രീകൃഷ്ണനും,സിനിമയും കാത്തിരുന്ന ഒരു കാലം. ഞാനൊരിക്കലും ഒരുതലമുറയെ മറ്റൊന്നുമായി താരതമ്യപ്പെടുത്തുകയല്ല, എന്നാലും ഇപ്പോഴത്തെ കുട്ടികൾക്ക് സ്കൂൾ കാലയളവ് ഇത്ര ആസ്വദിക്കാൻ പറ്റുന്നുണ്ടോ? അധികമൊന്നുമല്ല ഒരു 15 വർഷം മുമ്പ് ഇങ്ങനെ ആയിരുന്നു എന്ന് പറഞ്ഞാൽ അവർ വിശ്വസിക്കുമോ? എനിക്ക് അറിയ്യില്ല...
കഴിഞ്ഞ ദിവസം എന്തൊക്കെയോ ആലോചിക്കുന്ന കൂട്ടത്തിൽ ഇതുപോലെ പല ഓർമ്മകളും കടന്നു വന്നു.ഒന്നിനെ കുറിച്ചും ഒരു ടെൻഷൻ ഇല്ലാതിരുന്ന ഒരു കുട്ടിക്കാലം.ചിലപ്പോൾ വിചാരിക്കും ആ കാലത്ത് ജനിച്ചത് ഒരു ഭാഗ്യമാണെന്ന്. ഇന്നാണെങ്കിൽ വിദ്യാഭ്യാസമെന്ന വലിയൊരു അഭ്യാസം തന്നെ ഉണ്ടെല്ലോ? എന്തായാലും കാലമെത്ര കടന്നുപോയാലും മായ്ക്കാൻ കഴിയാത്ത കുറച്ചു കുറേ ചിരിപ്പിക്കുന്നതും,നൊമ്പരപ്പെടുത്തുന്നതുമായ ഓർമ്മകൾ നമ്മുടെയൊക്കെ ഉള്ളിൽ ഉണ്ട്.
ഒരിക്കലും നമ്മളതിനെ വെറുക്കുന്നില്ല .... പിന്നെ എന്ത് മനുഷ്യൻ അല്ലേ?
Attribution : swantham lekhakan
Comments
Post a Comment